ചങ്ങനാശേരി: കാലാവസ്ഥാ വ്യതിയാനവും ഇതര പ്രശ്നങ്ങളുംമൂലം പ്രതിസന്ധി അനുഭവിക്കുന്ന കുട്ടനാടന് ജനതയുടെ പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം കാണാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് അടിയന്തര നടപടികള് സ്വീകരിക്കണമെന്ന് ചങ്ങനാശേരി അതിരൂപത പതിനേഴാമത് പാസ്റ്ററല് കൗണ്സിലിന്റെ പ്രഥമയോഗം ആവശ്യപ്പെട്ടു.
ആര്ച്ച്ബിഷപ് മാര് തോമസ് തറയില് അധ്യക്ഷത വഹിച്ച സമ്മേളനം കോതമംഗലം ബിഷപ് മാര് ജോര്ജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ പ്രസിദ്ധീകരണമായ കുടുംബജ്യോതിയുടെ കളര്പതിപ്പ് മാര് തോമസ് തറയില് മാര് ജോര്ജ് മഠത്തിക്കണ്ടത്തിലിന് നല്കി പ്രകാശനം ചെയ്തു.
ആര്ച്ച്ബിഷപ് എമരിറ്റസ് മാര് ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപതാ വികാരിജനറാള് മോണ്. ആന്റണി എത്തയ്ക്കാട്ട് മാര്ഗനിര്ദേശ പ്രസംഗം നടത്തി.
അതിരൂപതാ ചാന്സലര് ഫാ.ഡോ. ജോര്ജ് പുതുമനമൂഴി അംഗങ്ങള്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആന്റണി ആറില്ച്ചിറ പ്രമേയം അവതരിപ്പിച്ചു. അതിരൂപതാ വികാരി ജനറാള്മാരായ മോണ്. മാത്യു ചങ്ങങ്കരി, മോണ്. സ്കറിയ കന്യാകോണില്, മോണ്. ജോണ് തെക്കേക്കര, പ്രൊക്യുറേറ്റര് ഫാ. ജയിംസ് മാളിയേക്കല് എന്നിവര് സമ്മേളനത്തിന് നേതൃത്വം നല്കി.
17-ാമത് പാസ്റ്ററല് കൗണ്സില് സെക്രട്ടറിയായി ഡോ. ജോച്ചന് ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായി ജോബി പി.സി., ഡോ. ജിഷ മോള് അലക്സ് എന്നിവര് നിയമിതരായി. അതിരൂപതയിലെ 18 ഫൊറോനകളില്നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട 215 അംഗങ്ങള് ഉള്പ്പെടുന്നതാണ് പാസ്റ്ററല് കൗണ്സില്.